ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

പാ. ഷൈജു തോമസ് ഞാറക്കൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ജനറല്‍ കണ്‍വന്‍ഷന്റെ ആദ്യ ആലോചനായോഗം ഒക്ടോബര്‍ 2-ാം തീയതി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയുടെ അദ്ധ്യക്ഷതയില്‍ സഭാ ആസ്ഥാനമായ മുളക്കുഴയില്‍ വച്ച് നടന്നു. പാസ്റ്റര്‍മാരായ തോമസുകുട്ടി ഏബ്രഹാം, ബാബു ചെറിയാന്‍, വി.പി. തോമസ് എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റര്‍ ഷിബു കെ. മാത്യു സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. സ്റ്റേറ്റ് ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല സ്വാഗതപ്രസംഗം നടത്തി. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ത്താവ് വരുമ്പോള്‍ പോകുക എന്നുള്ളതായിരിക്കണം നമ്മുടെ അത്യന്തികമായ ലക്ഷ്യമെന്നും, അതുകൊണ്ട് ദൈവസഭയുടെ നിലനില്‍പ്പ് നമ്മുടെ ലക്ഷ്യമായിരിക്കണമെന്നും, ആയതിനായി എല്ലാവരും ഉല്‍സാഹിക്കണമെന്നും ഓവര്‍സിയര്‍ ഓര്‍പ്പിച്ചു. പാസ്റ്റര്‍ ക്രിസ്റ്റഫര്‍ റ്റി. രാജു ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റര്‍ ഏബ്രഹാം മാത്യുവിന്റെ ആശിര്‍വാദത്തോടെ ആലോചനായോഗം സമാപിച്ചു. രണ്ടാമത് ആലോചനാ യോഗം നവംബര്‍ 13-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ മുളക്കുഴ സീയോന്‍ കുന്നില്‍ നടക്കും.

2019 ജനുവരി 21-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ.സി.സി. തോമസ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. വൈ.പി.ഇ., സണ്‍ഡേസ്‌കൂള്‍, എല്‍.എം. സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, മിഷന്‍ സമ്മേളനങ്ങള്‍, പാസ്റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. എല്ലാ ദിവസവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമുള്ള അനേക ദൈവദാസന്മാര്‍ ഈ പ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും.

സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് ജനറല്‍ കണ്‍വീനറായി വിപുലമായ ക്രമീകരണങ്ങളാണ് ഈ പ്രാവിശ്യത്തെ കണ്‍വന്‍ഷനില്‍ നടത്തിവരുന്നത്.

Comments (0)
Add Comment