സൗമ്യ സന്തോഷിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ്

ചെറുതോണി: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ ആശ്വാസവാക്കുകളുമായി ഇസ്രയേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍. പ്രിയതമയുടെ വേര്‍പാടിന്‍റെ വേദനയില്‍ കഴിയുന്ന സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെയാണ് അദ്ദേഹം ഇന്നലെ ഫോണില്‍ വിളിച്ചത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും ഇസ്രയേല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങള്‍ക്കുണ്ടായ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്. ഇസ്രയേല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെ മറക്കില്ല. ജോലിയില്‍ തികഞ്ഞ ഉത്തരവാദിത്വമുള്ള വ്യക്തിയായിരുന്നു സൗമ്യ” അദ്ദേഹം തുടർന്നു.

സന്തോഷിന്‍റെ ആഗ്രഹപ്രകാരം, സൗമ്യ മരണമടഞ്ഞ സ്ഥലം കാണാന്‍ ആവശ്യമായ സൗകര്യമൊരുക്കുമെന്നും മകന്‍ അഡോണിനെയും ഇസ്രയേലിലേക്ക് സ്വാഗതം ചെയ്യുന്നതായും കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഞങ്ങള്‍ ഒരുക്കുമെന്നും ഇസ്രായേലിലെത്തുമ്പോൾ നേരില്‍കാണാമെന്നും പറഞ്ഞാണ് അരമണിക്കൂര്‍ നീണ്ടുനിന്ന ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. കോൺസുലേറ്റ് ജനറൽ ജൊനാതൻ സഡ്കയും സംഭാഷണത്തിൽ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥൻ ഇരുവരുടെയും സംഭാഷണം തർജമ ചെയ്തു. സന്തോഷിനോടും മകൻ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ആവർത്തിച്ച് ഉറപ്പു നൽകി.

Comments (0)
Add Comment