രോഗവ്യാപനം കൂടാൻ സാധ്യത, സ്റ്റോക്കുള്ളത് 2.40 ലക്ഷം ഡോസ് വാക്സീൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീൻ കൂടി സ്റ്റോക്കുണ്ടെന്ന് പിണറായി വിജയൻ. കൂടുതൽ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. 2.40 ലക്ഷം ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. രോഗവ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്.

ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കും. ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണം ശക്തമാക്കും. കഴിയുന്നതും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീടുകളിൽനിന്നാണ് രോഗവ്യാപനം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വീടുകൾ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ സമ്മർദം കൂട്ടരുത്. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വേഗം മടങ്ങാൻ ശ്രദ്ധിക്കണം. കൈ സ്പർശം ഉണ്ടാകുന്ന ഇടങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. കേന്ദ്രസർക്കാർ നൽകിയ വാക്സീന്‍ പൂർണമായും ഉപയോഗിക്കാൻ സാധിച്ചു. കെടിഡിസി ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും. വിക്ടേഴ്സ് ചാനൽ വഴി രോഗികൾക്കു കൺസൾട്ടേഷൻ നടത്താനും സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments (0)
Add Comment