സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കർഫ്യു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു, എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്. വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നപടികൾ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹി വീണ്ടും അടച്ചുപൂട്ടലിലേക്ക്. അടുത്ത തിങ്കളാഴ്ച്ച വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ശാലോം ധ്വനി ഡൽഹി ചാപ്റ്റർ റിപ്പോർട്ട്‌ ചെയ്യുന്നു.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകളാണ് പരിശോധിച്ചത്. യു.കെയിൽ നിന്നും വന്ന 3 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി.

Comments (0)
Add Comment