തമിഴ്‌നാട് കേരള അതിര്‍ത്തി അടയ്ക്കും: രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ച്ച ലോക്ക്ഡൗണ്‍

ചെന്നൈ: കൊവിഡ് രണ്ടാം തരംഗ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട് രാത്രി പത്തുമുതല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയും. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചു. സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും.

കേരളത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തമിഴ്‌നാട് തിരുവനന്തപുരവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ 12 ഇടറോഡുകള്‍ അടച്ചത്. ചില റോഡുകളില്‍ ബൈക്ക് കടന്നു പോകുന്നതിനുള്ള ഇടയുണ്ടെങ്കില്‍ ചില റോഡുകള്‍ പൂര്‍ണമായി കെട്ടിയടച്ചിരിക്കുകയാണ്. കളയിക്കാവിള മാര്‍ക്കറ്റ് റോഡാണ് അടച്ചതില്‍ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാക്കോണം രാമവര്‍മന്‍ചിറ പോലെയുള്ള റോഡുകളാണ് പൂര്‍ണമായി ബാരിക്കേഡുകള്‍വച്ച് അടച്ചത്. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്. തുറന്നുകിടക്കുന്ന റോഡുകളില്‍ കര്‍ശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. പനച്ചമൂട് നിന്ന് തമിഴ്‌നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡില്‍ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറില്‍ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ചിലയിടത്ത് ഇടറോഡുകള്‍ അടച്ചതോടെ നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിനുപോലും ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. അടച്ച റോഡുകളൊന്നും തുറക്കുന്നതിന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കന്യാകുമാരി എസ്പി വ്യക്തമാക്കി.

Comments (0)
Add Comment