കേരളത്തിൽ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം കുറയുന്നതായി റിപ്പോർട്ട്

കൊച്ചി: രാജ്യത്ത് കൂടുതൽ വിവാഹ മോചനക്കേസുകൾ ജനസംഖ്യയുടെ 3% മാത്രം വരുന്ന കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംസ്ഥാനത്തു കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം കുറയുകയാണെന്ന സൂചന നൽകുന്നു. വിവാഹ തർക്കങ്ങളും വിവാഹമോചന കേസുകളും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ കുടുംബക്കോടതികൾ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ബദ്ധപ്പെടുകയാണ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നടപടിക്രമങ്ങൾ ഏകീകരിക്കാനുമുള്ള നിർദേശങ്ങളുമായി ഹൈക്കോടതിയും ഇടപെട്ടു തുടങ്ങി. 

സംസ്ഥാനത്തെ 28 കുടുംബക്കോടതികളിൽ 1,04,015 കേസുകൾ നിലവിലുണ്ടെന്ന നാഷനൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്റെ കണക്കുകളിൽനിന്നു കുടുംബ ബന്ധങ്ങളിലെ വിള്ളലിന്റെ ചിത്രം വ്യക്തമാകും. കുടുംബക്കോടതിയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നു നിർദേശം തേടി ഹൈക്കോടതിയിലേക്കും കേസുകൾ പ്രവഹിക്കുകയാണ്. ഈ ഘട്ടത്തിലാണ്, കുടുംബക്കോടതി നടപടിക്രമങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുള്ള ഹൈക്കോടതിയുടെ ഇടപെടൽ.

കേസുകൾ കുമിഞ്ഞു കൂടുന്നതു പരിഹരിക്കാൻ ദിവസം 200 കേസുകൾ വരെ ചില കുടുംബക്കോടതികൾക്കു പരിഗണിക്കേണ്ടി വരുന്നുണ്ട് എന്നതാണു യാഥാർഥ്യം. പല കോടതികളിലും 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ ഏറെ. കേസുകളിൽ തീർപ്പുണ്ടാകാൻ വൈകുംതോറും അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് ഓരോ കേസിലും ദിനംപ്രതി ഉപഹർജികളും വരുന്നതാണു എണ്ണം വീണ്ടും പെരുകാൻ ഇടയാക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കുടുംബക്കോടതി ജഡ്ജിമാരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്നങ്ങൾ കേട്ടു. കേസുകൾ പെരുകുന്നതു മൂലം കുടുംബക്കോടതി ജഡ്ജിമാർ അനുഭവിക്കുന്ന സമ്മർദവും ക്ലേശവും നേരിട്ടു ബോധ്യപ്പെട്ടതിനെ തുടർന്നാണു കുടുംബക്കോടതിയിലെ നടപടിക്രമങ്ങൾ ക്രോഡീകരിക്കാനുള്ള ഇടപെടൽ.  കുമിഞ്ഞുകൂടുന്ന കേസുകൾ നീതി നടത്തിപ്പിനു തടസ്സമാണെന്നു ബോധ്യപ്പെട്ട ഹൈക്കോടതി, കുടുംബക്കോടതി നടപടികൾക്കു ബാധകമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Comments (0)
Add Comment