മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 ജവാന്മാർക്ക് വീരമൃത്യു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ മാവോയ‌ിസ്‌റ്റ് സംഘം നടത്തിയ ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാവോയിസ്‌റ്റ് ബാധിത മേഖലയായ ഗഡ്‌ചിറോളിയിൽ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 16 സൈനികരും കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിൽ വാഹനം പൂർണമായി തകർന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്‌റ്റുകൾ സൈനികർക്ക് നേരെ വെടിവച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം.

ഗഡ്‌ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. ഗഡ്‌ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്.

 

 

Comments (0)
Add Comment