തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന്; തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ പതിനെട്ടിനാണ് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമുള്ള പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് വോട്ടുചെയ്യാന്‍ എത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകും. ആയതിനാല്‍ തീയതി മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്.
റവ. ഫാദര്‍ ഡോ. ആന്റണി പാപ്പുസ്വാമിയാണ് തീയതി മാറ്റണം എന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന് നടത്തിയാല്‍ തെരഞ്ഞെടുപ്പ് ജോലിയിലുള്ള പല ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കും മതപ്രകാരമുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതെസമയം ബിഷപ്പ് കൗണ്‍സിലിന്റെ കത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കിയിട്ടില്ല.

Comments (0)
Add Comment