ഇനി കാഴ്ചയില്ലാത്തവര്‍ക്കും ലാപ്‌ടോപ്പ് ഉപയോഗിക്കാം; ഡോട്ട്ബുക്കുമായി ഐഐടി ഡല്‍ഹി

ന്യൂഡൽഹി: കാഴ്ച വൈകല്യമുള്ളവർക്ക് ഉപയോഗിക്കാനായി ബ്രെയ്ലി ലാപ്ടോപ്പുമായി ഐഐടി ഡൽഹി. സാധാരണ സ്ക്രീനിന് പകരം ബ്രെയ്ലി ഡിസ്പ്ലേ/ ടച്ച്പാഡാണ് ഡോട്ട്ബുക്ക് എന്ന് പേര് നൽകിയിരിക്കുന്ന ലാപ്ടോപ്പിനുള്ളത്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ ഡിജിറ്റൽ സാങ്കേതികവിദ്യ കാഴ്ചവൈകല്യമുള്ളവർക്ക് സ്വയം ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

QWERTY കീപാഡ് ഉൾപ്പെടുത്തിയിട്ടുള്ള ഡോട്ട്ബുക്കിൽ ഇ-മെയിൽ, കാൽക്കുലേറ്റർ, വെബ് ബ്രൗസർ തുടങ്ങി അവശ്യ ആപ്ലിക്കേഷനുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കീ ബോർഡ്, ഡിസ്പ്ലേ എന്നിവയിൽ മാറ്റങ്ങളുള്ള 40Q, 20P എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് ഡോട്ട്ബുക്ക് പുറത്തിറക്കിയിരിക്കുന്നത്.

അമേരിക്കൻ നിർമ്മിത ബ്രെയ്ലി ലാപ്ടോപ്പുകൾ നേരത്തെ ലഭ്യമായിരുന്നെങ്കിലും സധാരണക്കാർക്ക് അപ്രാപ്യമായ വിലയാണ് ഈടാക്കിയിരുന്നത്. 2500 യു.എസ് ഡോളറിലേറെയായിരുന്നു ഇതിന്റെ വില. എന്നാൽ ഡോട്ട്ബുക്കിന് ഇതിൽനിന്നും 60 ശതമാനത്തോളം വില കുറയും. ഡോട്ട്ബുക്ക് കൂടുതൽപ്പേരിൽ എത്തുന്നതോടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാഴ്ച വൈകല്യമുള്ളവർക്ക് കൂടുതൽ സാധ്യതയും വന്നുചേരും.

40Q മോഡലിന് ഏകദേശം 60,000 രൂപയും 20P മോഡലിന് 40,000 രൂപയുമാണ് വില. മാർച്ചിൽ ബുക്കിങ് ആരംഭിക്കുന്ന ഡോട്ട്ബുക്ക് ഈ വർഷം അവസാനത്തോടെ ഉപയോക്താക്കളിൽ എത്തിക്കാനാകുമെന്ന് ഐഐടി അധികൃതർ പ്രതീക്ഷിക്കുന്നു.

ഐഐടി ഡൽഹിയിലെ ഗവേഷക വിദ്യാർഥികളായ സുമൻ മുരളികൃഷ്ണൻ, പുൽകിത് സപ്ര എന്നിവരാണ് ഇന്ത്യയിലെ ആദ്യ ബ്രെയ്ലി ലാപ്ടോപ്പായ ഡോട്ട്ബുക്കിന് പിന്നിൽ പ്രവർത്തിച്ചത്. നോയിഡയിലെ കൃതികൽ സൊല്യൂഷൻസ്, ചെന്നൈയിലെ ഫീനിക്സ് മെഡിക്കൽ സിസ്റ്റംസ്, ഡൽഹിയിലെ സക്ഷം ട്രസ്റ്റ് എന്നിവരും പദ്ധതിയിൽ പങ്കാളികളാണ്.

 

Comments (0)
Add Comment