തീവണ്ടിയാത്രയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ആലപ്പുഴ: വരുമാനത്തിനൊപ്പം യാത്രികരുടെ എണ്ണത്തിനും പ്രാധാന്യം നൽകിയുള്ള റെയിൽവേയുടെ ഗ്രേഡിങ്ങിൽ കേരളം രണ്ടാമത്. യാത്രികരുടെ എണ്ണംകൂടി പരിഗണിച്ചതാണ് കേരളത്തിന് നേട്ടമായത്.

രാജ്യത്ത് 21 സ്റ്റേഷനുകളാണ് ഗ്രേഡിങ്ങിൽ ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനമായ 100 കോടിക്കും 500 കോടിക്കുമിടയിൽ വരുമാനമുള്ള രാജ്യത്തെ 77 സ്റ്റേഷനുകളിൽ കേരളവും ഉൾപ്പെട്ടു. തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, തൃശ്ശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളാണ് ഇതിലുള്ളത്. മൂന്നാംസ്ഥാനത്തെ 227 സ്റ്റേഷനുകളിൽ കേരളത്തിൽനിന്നുള്ള 16 സ്റ്റേഷനുകളുണ്ട്.

റെയിൽവേ സ്റ്റേഷനുകളുടെ ഗ്രേഡിങ് എ വൺ, എ ടു എന്നത് ഇൗ സാമ്പത്തികവർഷം എൻ.എസ്.ജി.-വൺ, ടു എന്നിങ്ങനെയാക്കി മാറ്റിയിരുന്നു. എൻ.എസ്.ജി. രണ്ടിൽ 4, എൻ.എസ്.ജി. മൂന്നിൽ 14, എൻ.എസ്.ജി. നാലിൽ 11 എന്നിങ്ങനെയാണ് കേരളത്തിൽനിന്നുൾപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം.

യാത്രികർ കൂടുതൽ തിരുവനന്തപുരത്ത്

ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രികരെത്തുന്നത് തിരുവനന്തപുരത്താണ്. ഇക്കൊല്ലം ഇതുവരെ 1,46,04,759 യാത്രികർ തിരുവനന്തപുരത്തുനിന്ന് യാത്രചെയ്തു. എറണാകുളം ജങ്ഷൻ (1,02,82,088), തൃശ്ശൂർ (68,87,232), എറണാകുളം ടൗൺ (41,19,857) എന്നിങ്ങനെയാണ് യാത്രികരുടെ എണ്ണം. പാലക്കാട്ടും കോഴിക്കോട്ടും 35,000-നും 28,000-നും ഇടയിൽ യാത്രികർ ദിവസവും എത്തുന്നുണ്ട്.

ഗ്രേഡിങ്ങിൽ ഉൾപ്പെട്ട സ്റ്റേഷനുകൾ

എൻ.എസ്.ജി-3

തൃശ്ശൂർ, എറണാകുളം ടൗൺ, ആലുവാ, കൊല്ലം ജങ്ഷൻ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജങ്ഷൻ, കൊച്ചുവേളി, ആലപ്പുഴ, നാഗർകോവിൽ ജങ്ഷൻ, കണ്ണൂർ, വടകര, ഷൊർണൂർ, പാലക്കാട് ജങ്ഷൻ.

എൻ.എസ്.ജി.-4

തിരുവല്ല, കന്യാകുമാരി, ചങ്ങനാശ്ശേരി, വർക്കല-ശിവഗിരി, അങ്കമാലി-കാലടി, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കൊയിലാണ്ടി, കുറ്റിപ്പുറം, ഒറ്റപ്പാലം.

കേരളത്തിന് ഗുണകരം.

കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം കൂടുതൽ സൗകര്യങ്ങളും കൂടുതൽ തീവണ്ടികളും ലഭിക്കാനിടയുണ്ട്. കൊച്ചുവേളി പോലുള്ള സ്റ്റേഷനുകൾക്ക് ഏറെ ഗുണകരമാവും -ദക്ഷിണ റെയിൽവേ, തിരുവനന്തപുരം ഡിവിഷൻ

Comments (0)
Add Comment