ഇന്തോനേഷ്യയിൽ വീണ്ടും സുനാമി; 43 മരണം, 582 പേര്‍ക്ക് പരുക്ക്, തിരമാല അടിച്ച് കയറിയത് 65 അടി മുകളിലേയ്ക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി. തിരമാല 65 അടി ഉയരത്തിലേയ്ക്കാണ് പാഞ്ഞ് കയറിയത്. പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് എന്നീ ദ്വീപുകളിലാണ് ശനിയാഴ്ച രാത്രിയില്‍ സുനാമി അടിച്ച് കയറിയത്. അപ്രതീക്ഷിത ദുരന്തത്തില്‍ 43 പേര്‍ മരണപ്പെട്ടു. 582 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ സൂട്ടോപോ പര്‍വോ നഗ്റൂയോയാണ് സുനാമി ഉണ്ടായതായി മാധ്യമങ്ങളെ അറിയിച്ചത്. 430 വീടും ഒന്‍പത് ഹോട്ടലുകളും തകര്‍ന്നതായും രണ്ട് പേരെ കാണാതായതായി അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലാണ് സുനാമി വന്‍ നാശം വിതച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്നാണ് നിഗമനം. പ്രദേശിക സമയം 9.03നായിരുന്നു സുനാമി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സെപ്തംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 2000 ആളുകളാണ് മരണപ്പെട്ടത്. ഒക്ടോബറില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതു ആളുകള്‍ മരണപ്പെട്ടിരുന്നു.

Comments (0)
Add Comment