തൂങ്ങിമരിച്ച അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി ജീവനോടെ നവജാതശിശു

ഭോപ്പാല്‍: ആത്മഹത്യ ചെയ്ത അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി കിടന്ന നവജാത ശിശുവിനെ മധ്യപ്രദേശ് പോലീസ് രക്ഷപെടുത്തി. മധ്യപ്രദേശ് കാത്തി ജില്ലയിലെ ലക്ഷ്മി താക്കൂര്‍ എന്ന 36 കാരിയാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചത്. ഗർഭിണിയായ ഭാര്യയെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് ദാരുണ സംഭവം കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോള്‍ നവജാതശിശു ലക്ഷ്മിയുടെ കാലുകള്‍ക്കിടയിലൂടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ആദ്യം എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ കവിത സഹാനി മറ്റു പോലീസുകരെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ എത്തി പൊക്കിള്‍ക്കൊടി വേര്‍പെടുത്തി കുഞ്ഞിനെ മാറ്റുന്നതുവരെ കടുത്ത തണുപ്പില്‍ നിന്ന് പുതപ്പ് ഉപയോഗിച്ച് പോലീസുകാര്‍ കുഞ്ഞിനെ സംരക്ഷിച്ചു. തുടര്‍ന്ന് ഡോക്ടറെത്തി പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി അടുത്തുള്ള ഗവണ്‍മെന്റ് എന്‍ഐസിയുവിലേയ്ക്ക് മാറ്റി. കുഞ്ഞ് രക്ഷപെടാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു.

ആത്മഹത്യ നടക്കുന്ന സമയത്തോ അതിനുശേഷമോ ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണ് ലക്ഷ്മിയുടേതെന്നും ഇതിനുമുമ്പ് വൈദ്യശാസ്ത്രത്തില്‍ ഇത്തരത്തതില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ലക്ഷ്മി മരിക്കുന്നതിന് മുന്‍പാണോ കുഞ്ഞുജനിച്ചത് എന്നത് വ്യക്തമല്ലെങ്കിലും അമ്മ തൂങ്ങി മരിച്ചതാണ് കുഞ്ഞിന്റെ ജനനത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു. ആത്മതഹ്യ ചെയ്യുന്ന സമയം ലക്ഷ്മി ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയുള്‍പ്പടെ നാലുകുട്ടികള്‍ കൂടിയുണ്ട് ഇവര്‍ക്ക്. രാത്രി ഒമ്പതുമണിവരെ ലക്ഷ്മി സന്തോഷവതിയായിരുന്നു എന്നും കിടക്കുന്നതിനു മുമ്പ് ഇരുവരും തമ്മില്‍ കലഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഭര്‍ത്താവ് സന്തോഷ് പോലീസിനോടു പറഞ്ഞു. ലക്ഷ്മി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല

Comments (0)
Add Comment