വൈദ്യുതി കമ്പി പൊട്ടി വീണു; ട്രെയിനുകൾ എല്ലാം വൈകി ഓടുന്നു

എറണാകുളം: കൊച്ചി: എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നും തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു.

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയിൽ കേടായി കിടക്കുന്നത്. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടൊപ്പം തന്നെ അങ്കമാലി സ്റ്റേഷനില്‍ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ വൈദ്യുത ലൈനും പൊട്ടിവീണു. ഇതോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകളെല്ലാം വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഗതാഗതം പഴയ രീതിയിലാകണമെങ്കില്‍ 11 മണിയെങ്കിലുമാകണമെന്നാണ് റയില്‍വേ അറിയിച്ചത്.

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് ട്രെയിനിനെ ആശ്രയിച്ചിരുന്നു. റയില്‍ ഗതാഗതം കൂടി താല്‍ക്കാലികമായി സ്തംഭിച്ചതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.

അതേസമയം, കരുനാഗപ്പള്ളി റെയിൽവേ യാർഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ  30 വരെ ട്രെയിൻ സമയത്തിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഇതേതുടർന്ന് കൊല്ലം- ആലപ്പുഴ പാസഞ്ചർ റദ്ദാക്കി.

കൊല്ലം- ഹൈദരബാദ് സ്പെഷ്യൽ (45 മിനിറ്റ്), കൊച്ചുവേളി- ലോക്മാന്യത്തിലേക് എക്സ്പ്രസ്സ് (1.30 മണിക്കൂർ) തുടങ്ങിയ ഒട്ടനവധി ട്രെയിനുകൾ വൈകി ഓടുന്നതിനാൽ, യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കാൻ ശ്രമിക്കുക.

Comments (0)
Add Comment