എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ; രണ്ടാം തരംഗവും ഒരുമിച്ചു നേരിടാം: മോദി

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഒരുമിച്ചു പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീവ്രമായ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളെ രോഗം ഒരേസമയം ബാധിക്കുന്നു. ആദ്യ തരംഗത്തിൽ രാജ്യത്തിനു വിജയിക്കാനായതു കൂട്ടായ ശ്രമങ്ങളും ഐക്യതന്ത്രവുമാണ്. ഇപ്പോഴത്തെ വെല്ലുവിളിയെയും അതേ രീതിയിൽ തന്നെ നേരിടണമെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി.

‘ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓക്സിജൻ വിതരണം വർധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുകയാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയാണ് ഇന്ത്യ നടത്തുന്നത്. മുന്നണി പോരാളികൾക്കും 45 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും സൗജന്യമായി വാക്സീൻ നൽകുന്നതിനു കേന്ദ്രം ആരംഭിച്ച ക്യാംപെയ്ൻ തുടരും. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സീൻ ലഭ്യമാകും.

ജനം പരിഭ്രാന്തിയിലാകാതിരിക്കാൻ ശ്രദ്ധ വേണം. കൂട്ടായ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം കോവിഡിന്റെ രണ്ടാം തരംഗം തടയാനാകും’– മോദി വിശദീകരിച്ചു. സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു.

Comments (0)
Add Comment