മൂന്നു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രണ്ടായിരം കടന്ന് മരണം

ന്യൂഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തത് 2,95,041 കേസുകളാണ്. ഇത് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോട് അടുക്കുന്നത്. രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും വർധനയാണുണ്ടായിരിക്കുന്നത്. 2,023 പേരാണ് ഇന്നലെ മരിച്ചത്. എന്നാൽ 1,67,457 പേർ രോഗമുക്തരായി.

വാക്സിനേഷൻ ശക്തമായി തുടരുന്നതിനിടെയും രാജ്യത്ത് കോവി‍ഡ് വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. 1,56,16,130 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 1,32,76,039 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 1,82,553 പേർ ഇതുവരെ മരണത്തിനു കീഴടങ്ങി. 21,57,538 പേർ നിലവിൽ ചികിൽസയിലുണ്ട്. അതേസമയം, രാജ്യത്തെ 13,01,19,310 പേർ വാക്സീൻ സ്വീകരിച്ചു.

ഏപ്രിൽ 20 വരെ 27,10,53,392 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 16,39,357 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. നിലവിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ സ്ഥാനം.

Comments (0)
Add Comment