കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്ന് സ്റ്റെപ്പുകളെ നിര്‍ദ്ദേശിച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി വ്യാപിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം നടക്കുകയും മരണനിരക്ക് കുത്തനെ ഉയരുകയും ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിലേക്കും നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ നാം കാണുന്നത്. ഈ ഘട്ടത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്ന് സ്റ്റെപ്പുകള്‍ നിര്‍ദേശിക്കുകയാണ് ആരോഗ്യവ്ദഗ്ധനും ദില്ലി എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേരിയ. കണ്ടെയ്ന്‍മെന്റ് സോണുകള്‍ തരം തിരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ പരിപൂര്‍ണ്ണമായും നിരോധിക്കുക, വാക്‌സിനേഷന്‍ കാര്യമായി നടപ്പിലാക്കുക എന്നിങ്ങനെ മൂന്ന് സ്റ്റെപ്പുകളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. 

‘നിശ്ചയമായും ചില കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. രോഗവ്യാപനം കാര്യമായ രീതിയിലുള്ള പ്രദേശങ്ങള്‍ സ്ട്രിക്റ്റ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കണം. ഇവിടങ്ങളില്‍ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെ കൃത്യമായി ട്രാക്ക് ചെയ്ത് കണ്ടെത്തല്‍, ചികിത്സ എന്നിവ ഫലപ്രദമായി നടത്തണം. രണ്ടാമതായി ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കണം. മൂന്നാമതായി വാക്‌സിനേഷന്‍ കാര്യക്ഷമമായി നടത്തണം…’, ഡോ. രണ്‍ദീപ് ഗുലേരിയ നിര്‍ദേശിക്കുന്നു. 

കൊവിഡ് മഹാമാരി ആദ്യമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി ആരോഗ്യരംഗത്ത് സജീവമായിരുന്നു ഡോ.രണ്‍ദീപ് ഗുലേരിയ. കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് നേരത്തേ ചര്‍ച്ച ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഏത് മഹാമാരിയാണെങ്കിലും അവ രണ്ടാം തവണ വരുമ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ വിതച്ചിട്ടുള്ളതായി ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസിലാകുമെന്നും അദ്ദേഹം പറയുന്നു. 

Comments (0)
Add Comment