ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയില്‍വേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാര്‍ഥിനികളായ ശ്വേത, ബി.തരംഗ് എന്നിവര്‍ക്കാണ് ട്രെയിനില്‍വെച്ച് ദുരനുഭവമുണ്ടായത്. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകരായിരുന്നു ആക്രമിച്ചത്. എന്നാല്‍, ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു യുവതികളും 2003ല്‍ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ ഇരുവരും ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവര്‍ത്തനം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആക്രമണത്തെ അനുകൂലിക്കുന്നവർ കന്യാസ്ത്രീകളുടെ സംസാരമാണ് പ്രകോപനകരമായത് എന്ന വ്യാജ പ്രചരണം നടത്തുന്നുണ്ട്.

Comments (0)
Add Comment