യു.പി.യ്ക്കു ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി മദ്ധ്യപ്രദേശും

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുളള ബിൽ (ധർമ സ്വാതന്ത്ര്യ ബിൽ 2020) മധ്യപ്രദേശ് മന്ത്രിസഭ ശബ്ദവോട്ടോടെ പാസാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചാൽ നിർബന്ധിത മതപരിവർത്തനം പരമാവധി പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും. മുമ്പ് ഉത്തർപ്രദേശ് സർക്കാർ സമാനമായ നിയമം പാസാക്കിയിരുന്നു. അതിനെ പിൻപറ്റിയാണ് മദ്ധ്യപ്രദേശും മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത്.

നിയമം പ്രാബല്യത്തിലാക്കുന്നതോടെ പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടിക വർഗത്തിൽപ്പെട്ടവർ എന്നിവരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതാണെന്ന് തെളിഞ്ഞാൽ പത്തുവർഷം വരെ തടവ് ലഭിച്ചേക്കാം. മതപരിവർത്തനം ലക്ഷ്യമിട്ടുകൊണ്ടുളള വിവാഹങ്ങൾ അസാധുവായി പരിഗണിക്കും. തെറ്റിദ്ധരിപ്പിച്ചുകൊണ്ടോ വിവാഹത്തിലൂടെയോ വശീകരിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നത് തടയുക എന്നുളളതാണ് “ധർമ സ്വാതന്ത്ര്യ ബിൽ 2020”-ലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിയമം വരുന്നതോടെ യഥാർത്ഥത്തിൽ മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുവർ രണ്ടുമാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതായിവരും.

Comments (0)
Add Comment