യു.കെ.യിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിൽ ഉണ്ടാകാമെന്ന് സന്ദേഹം

ന്യൂഡൽഹി: നാലാഴ്ചയ്ക്കിടെ യുകെയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിലുമുണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നൽകി. കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനിതകമാറ്റം സംഭവിച്ച അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർ ആർടിപിസിആർ പരിശോധന വിമാനത്താവളത്തിൽ തന്നെ നടത്തണം. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാൻ ജനിതക ശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാംപിളുകൾ ലാബുകൾക്കു കൈമാറാൻ കേന്ദ്രം നിർദേശിച്ചു.

ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. വിമാനത്താവളങ്ങളിൽ കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ധ്യതപരിശോധനകൾ നടത്തിയിരുന്നുവെങ്കിലും സമീപകാലത്തായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ തിരിച്ചുവരവിനെ തുടർന്ന് ഇത് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശത്തുനിന്ന് എത്തിയ രണ്ട് യാത്രക്കാർക്ക് പരിശോധനാഫലം പോസിറ്റീവ് ആയത്. യുകെയിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. ഇന്ത്യയിൽ പൊതുവിൽ കോവിഡ് കുറയുമ്പോഴും കേസുകൾ കാര്യമായി വർധിക്കുന്ന
സംസ്ഥാനങ്ങൾ കൂടിയാണിത്.

Comments (0)
Add Comment