യു.കെ.യിൽ നിന്ന് എത്തിയ ഏഴുപേര്‍ക്ക് കോവിഡ്: കരുതലോടെ ഇന്ത്യയും

ന്യൂഡൽഹി: ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ കൊൽക്കത്തയിൽ എത്തിയ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ കണ്ടെത്തിയത് പുതിയ വൈറസാണോ എന്ന് ഉറപ്പായിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. ഇവരുടെ സാമ്പിളുകൾ ഗവേഷണത്തിനായി നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിൽ വന്നിറങ്ങിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലുള്ളവരെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇവരുടെ ഫലം ലഭിച്ചിട്ടില്ല. ​ബ്രിട്ടനിൽ ​ കൊറോണ വൈറസിന്‍റെ പുതായ വകഭേദം കണ്ടെത്തിയതിന്‍റെ ഭീതിയിൽ ലോകം കഴിയുമ്പോഴാണ്​ അവിടെനിന്ന്​ ഇന്ത്യയിലെത്തിയവർക്കും​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ബുധനാഴ്ച മുതൽ ബ്രിട്ടനിലേക്കുള്ള വിമാന സർവിസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. അതിന്​ മുമ്പ്​ എത്തുന്നവരെയെല്ലാം ടെസ്റ്റ്​ ചെയ്ത ശേഷം ക്വാറന്‍റീനിൽ പ്രവേശിപ്പിക്കുവാനാണ് തീരുമാനം.

തിങ്കളാഴ്ച രാത്രി 10.40ന്​ ന്യൂഡൽഹിയിലെത്തിയ വിമാനത്തിൽ 266 പേരാണ് ഉണ്ടായിരുന്നത്​. ഇതിലെ അഞ്ചുപേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മുമ്പത്തെ വൈറസിനേക്കാൾ 70 % കൂടുതൽ സാംക്രമികത പുതിയ വകഭേദത്തിന്​ ഉണ്ടെന്ന് ഡബ്ല്യു.എച്ച്​.ഒ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ വൈറസിന്‍റെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്​. അതേസമയം, നിലവിലെ വാക്സിനുകൾ​ ഉപയോഗിച്ച്​ തന്നെ ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ്​​ വിദഗ്​ധരുടെ അനുമാനം.

Comments (0)
Add Comment