ഇന്ത്യയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഇറക്കുമതിക്കും ഉപയോഗത്തിനും അധികൃതരുടെ അനുമതി തേടി അമേരിക്കൻ കമ്പനി ഫൈസർ

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ ഇന്ത്യൻ ഘടകം, തങ്ങളുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി.

ജർമൻ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേർന്നാണ് അമേരിക്കൻ കമ്പനിയായ ഫൈസർ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് അടുത്തയാഴ്ച മുതൽ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ മരുന്നിന്റെ വിതരണം ബഹ്റിനിൽ നടത്തുന്നതിന് വെള്ളിയാഴ്ച അനുമതിയായി.

പ്രതിരോധ മരുന്നിന്റെ ആവശ്യകതയും ഇന്ത്യൻ ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ -70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതേസമയം ജനസംഖ്യയ്ക്ക് ആനുപാതികമായി മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതുമുണ്ട്. ഇതു പരിഗണിച്ചായിരിക്കും അധികാരികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Comments (0)
Add Comment