ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി: പരിഗണന നല്‍കാതെ കോടതിയും

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ കോടതി അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാതെ
26ന് അപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ദീർഘമായ ഈ കാലയളവ് അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുമെന്നാണ് സൂചന.

ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് റാഞ്ചിയിലെ വസതിയില്‍നിന്നു സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 9 മുതൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ 23 നു പ്രത്യേക കോടതി ജഡ്ജി തള്ളിക്കളഞ്ഞു. ആരോപണം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ജയിലില്‍ പലതവണ വീണുവെന്നും രണ്ടുതവണ ഹെര്‍ണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. 83 വയസ്സുള്ള അദ്ദേഹത്തിന്റെ മോചനത്തിനായുള്ള മുറവിളി ആഗോളതലത്തില്‍ വ്യാപിക്കുന്നുണ്ട്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്.

Comments (0)
Add Comment