അനാഥാലയങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷന്‍.

ന്യൂഡൽഹി: അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കുവാൻ ദേശീയ ബാലാവകാശ കമ്മീഷന്‍റെ നീക്കം. കുട്ടികളെ അവരുടെ വീടുകളിലേക്ക് മടക്കി അയക്കണമെന്നു കാട്ടി എട്ട് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ ഏതൊരു കുട്ടിക്കും കുടുംബാന്തരീക്ഷത്തിൽ വളരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കമ്മീഷൻ പ്രസ്താവിച്ചു. സുപ്രീംകോടതി മുമ്പു നടത്തിയിട്ടുള്ള തത്സംബന്ധമായ വിധിയുടെ ചുവടുപിടിച്ചും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നീക്കം. അതതു ജില്ലാ മജിസ്ട്രേറ്റുകളും കലക്ടര്‍മാരും തങ്ങളുടെ പരിധിയിലുള്ള ശിശുസംരക്ഷണ ഭവനങ്ങളിൽ നിന്നും കുട്ടികൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങിയെന്ന് ഉറപ്പുവരുത്തുവാൻ കമ്മീഷൻ കത്തയച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മിസോറാം, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം. ഈ എട്ട് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് ആകെയുള്ളതില്‍ 72% (1.84 ലക്ഷം) കുട്ടികളുമുള്ളത്.

പല സംസ്ഥാനങ്ങളിലും ദാരിദ്ര്യം മൂലം കുട്ടികൾ വീടുകളിൽ നിന്നും ബാലഭവനങ്ങളിൽ അന്തേവാസികളാക്കപ്പെടാറുണ്ട്; എന്നാൽ സാമ്പത്തിക കുറവിന്റെ കാരണത്താൽ മാത്രം അവർക്ക് കുടുംബാന്തരീക്ഷം നഷ്ടമാകരുതെന്നും കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്തം ഓരോ സംസ്ഥാനങ്ങൾക്കുമുണ്ടെന്നും കമ്മീഷൻ സൂചിപ്പിച്ചു. 100 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയെടുക്കാനാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ നീക്കം. പൊതു ഉത്തരവിലൂടെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല ഇക്കാര്യമെന്നാണ് പ്രധാന ആക്ഷേപം. ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ തികെച്ചും വ്യത്യസ്തമാണെന്നും നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനങ്ങളെ കൂടി പ്രതിസന്ധിയിലാക്കുക മാത്രമേ ഈ ഉത്തരവിലൂടെ സാധ്യമാകൂ എന്ന ആക്ഷേപവും ശക്തമാണ്.

Comments (0)
Add Comment