കോവിഡ് പ്രതിരോധ വാക്‌സിന്‍ വിപണിയിലേക്ക്: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആർ മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐ.സി.എം.ആർ ധാരണയിലെത്തി. അതിന്റെ ഭാഗമായി നടക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനോട് അനുബന്ധിച്ച എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബി.ബി.വി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും കമ്പനി പ്രസ്താവിച്ചു. അതിനുമുമ്പ് വാക്സിൻ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ചാണ് ഐസിഎംആർ മുന്നോട്ടുപോകുന്നത്.

Comments (0)
Add Comment