എംഫന്‍ ശക്തിപ്രാപിക്കുന്നു; ഏഴ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഒഡീഷ.

ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ വലിയതോതിൽ ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെടുത്ത് ഒഡീഷ. 12 ജില്ലകളിൽ നിന്നായി ഏഴ് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. 18-20 തീയതികളോടെ ഒഡീഷയുടെ വടക്കൻ മേഖലയിലേയ്ക്കും തുടർന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റിൽ ഒഡീഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശം വിതയ്ക്കുക എന്നാണ് കാലാവസ്ഥ അധികൃതർ പ്രവചിച്ചിരിക്കുന്നത്. ഇന്ന് (ഞായർ) ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് തുടർന്നുള്ള ദിവസങ്ങളിൽ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇടത്തരം മഴ ലഭിക്കാനിടയുണ്ട്. വിവിധ ജില്ലകളിലെ ഏഴ് ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് തയ്യാറായിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. ചുഴലിക്കാറ്റിന്റെ സ്ഥിതിയും സഞ്ചാരഗതിയും സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രസ്താവിച്ചു.
വടക്കൻ മേഖലയിലെ തീരദേശ ജില്ലകളിലാണ് കാറ്റിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുകയെന്നാണ് കരുതുന്നത്. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽനിന്ന് വടക്കുപടിഞ്ഞാറൻ ദിശലിയേക്ക് നീങ്ങിയ എംഫൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മേയ് 18 പകളോട് കൂടി ശക്തമായ ചുഴിലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

മേയ് 18 മുതൽ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിലേക്കും ഒഡീഷ പശ്ചിമബംഗാൾ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീൻപിടിത്തക്കാർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ കടലിൽ പോയവർ ശനിയാഴ്ച വൈകുന്നേരത്തോടെ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴയോടനുബന്ധിച്ച് ശക്തമായ മഴയും പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ) ഇടിമിന്നലും മെയ് 20 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Comments (0)
Add Comment