എസ്ബിഐ എടിഎമ്മില്‍ ജനുവരി 1 മുതല്‍ ഒടിപി അടിസ്ഥാനമാക്കി പണം പിന്‍വലിക്കല്‍

മുംബൈ • അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളില്‍ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതലാണു പുതിയ രീതി നടപ്പാക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കാണു ഒടിപി സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലാവും ഒടിപി ലഭിക്കുക. ഈ പാസ്‌വേഡ് ഒറ്റ ഇടപാടിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനം ലഭ്യമാകില്ല.
എത്ര പണമാണു പിന്‍വലിക്കുന്നതെന്ന് ടൈപ്പ് ചെയ്തു കഴിയുമ്പോള്‍ എടിഎമ്മിന്റെ സ്‌ക്രീനില്‍ ഒടിപി സ്‌ക്രീന്‍ തെളിയും. മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി ടൈപ്പ് ചെയ്തു കൊടുത്തു കഴിയുമ്പോള്‍ എടിഎമ്മില്‍നിന്നു പണം എടുക്കാന്‍ കഴിയും. എടിഎം കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്തും മറ്റും പണം പിന്‍വലിച്ചു തട്ടിപ്പു നടത്താനുള്ള ശ്രമം ഇതോടെ ഇല്ലാതാകും. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല.

Comments (0)
Add Comment