നാലു ദിവസത്തെ പ്രയത്നവും പ്രാർഥനകളും വിഫലം; കുഴൽ കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനായില്ല

ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടു വയസുകാരന്‍ സുജിത് മരിച്ചു. മൃതദേഹം പുറത്തെടുത്തപ്പോൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. മൃതദേഹം മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ രക്ഷിക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്തെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു.

ഇന്നലെ രാത്രിയോടെ കിണറിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിനായി സമാന്തര തുരങ്കം നിർമ്മിക്കുന്നത് നിർത്തിവച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടുകാട്ടുപ്പാട്ടിയില്‍ വീടിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറില്‍ രണ്ട് വയസുകാരനായ സുജിത് അകപ്പെടുന്നത്. അന്ന് മുതൽ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആദ്യം 35 അടി ആഴത്തിലായിരുന്ന കുഞ്ഞ് രക്ഷിക്കാനുള്ള ശ്രമത്തിനിടെ 90 അടി താഴ്ചയിലേക്ക് വീണു പോവുകയായിരുന്നു. . ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. ഇതു പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞ് മരിച്ചെന്ന വിവരം രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചത്.

Comments (0)
Add Comment