അതിശക്തമായ മഴ; മുംബൈയിൽ 35 മരണം; രത്‌നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 27 പേരെ കാണാതായി; 12 വീടുകള്‍ ഒലിച്ചു പോയി; 2മരണം

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ തിവാരി അണക്കെട്ട് തകർന്ന് 12 വീടുകൾ ഒലിച്ചു പോയി. 24 പേരെ കാണാതായിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയിൽ. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കനത്തമഴയിൽ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്.
രത്നഗിരി ജില്ലയിലെ ചിപ്ലുൻ താലൂക്കിലെ 12 ഓളം വീടുകൾ ഒലിച്ചു പോയി 22 പേരെയാണ് കാണാതായത്. കൂടുതൽ ആളുകൾ കുത്തൊഴുക്കിൽപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ അണക്കെട്ടിന് വിള്ളലുകൾ വീണിരുന്നു. എന്നാൽ വേണ്ടത്ര ജാഗ്രത നിർദേശം ജനങ്ങൾക്ക് നൽകിയിരുന്നില്ല.

രാത്രി 10 മണിയോടെ അണക്കെട്ട് തകർന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുൻ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയിൽ കനത്ത നാശമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 37 പേരാണ് മരിച്ചത്.

പലയിടത്തും റെയിൽപ്പാളങ്ങൾ മുങ്ങി. തീവണ്ടി ഗതാഗതം നിലച്ചു. ദീർഘദൂരവണ്ടികൾ വഴിയിൽ നിർത്തിയിട്ടു. 1975-ന് ശേഷം മുംബൈയിൽ പെയ്ത കനത്തമഴയാണ് ഇത്.

ദീർഘദൂരവണ്ടികൾ പലതും മുംബൈയിലേക്ക് എത്താതെ നഗരത്തിനുപുറത്ത് പല സ്റ്റേഷനുകളിലായി നിർത്തിയിട്ടു.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകൾ ഉച്ചവരെ അടച്ചിട്ടു. 52 വിമാനങ്ങൾ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചു വിട്ടു. ജുഹു എയർപോർട്ടിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസുകളും റദ്ദാക്കി. പലഭാഗത്തും വെള്ളം കയറിയതോടെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Comments (0)
Add Comment