നാസിക്കില്‍ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളിയായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. മുംബൈയിൽ ഫിനാൻഷ്യൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന സജു ഓഡിറ്റിങ്ങിനോടുള്ള ബന്ധത്തിൽ നാസിക്കിലുള്ള മുത്തൂറ്റ് ബ്രാഞ്ചിൽ എത്തിയപ്പോഴാണ് അത്യാഹിതം സംഭവിച്ചത്. സജുവിന്റെ കുടുംബം ഐപിസി എബനേസർ അറനൂറ്റിമംഗലം സഭാ വിശ്വാസികളാണ്.

മൃതൃദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സഹപ്രവർത്തകരും. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ജെയ്സി, ഒരു മകളുണ്ട്.

ആക്രമണത്തിൽ മറ്റൊരു മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. നാസികിലെ ഉന്തുവാടി ഏരിയയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്.
ബാങ്കിലേക്ക് ഇരച്ച് കയറിയ നാലംഗ കവർച്ചാ സംഘം ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ജീവനക്കാരെയും തുരുതുരെ വെടിവയ്‌ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ ബാങ്കിൽ സൂക്ഷിച്ചിരുന്ന പണവുമായി സംഘം രക്ഷപ്പെട്ടു. മുംബയിൽ ജോലി ചെയ്യുന്ന സജു ഓഡിറ്റിംഗിന്റെ ഭാഗമായി നാസിക്കിലെ ശാഖയിലെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ പിടികൂടുമെന്നും ഡിവൈ.എസ്‌.പി ലക്ഷ്‌മികാന്ത് പട്ടീൽ വ്യക്തമാക്കി.

Comments (0)
Add Comment