‘വായു’ ഇന്ന് ഗുജറാത്ത് തീരത്ത്; രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചു

അഹമ്മദാബാദ്: വ്യാഴാഴ്ച പുലർച്ചെയോടെ ഗുജറാത്ത് തീരത്തെത്തുന്ന വായു ചുഴലിക്കാറ്റിന് തീവ്രതയേറുമെന്ന് സൂചന ലഭിച്ചതിനാൽ പതിനായിരങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ 2.15 ലക്ഷം ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചതായി സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി. പോർബന്തറിനും ദിയുവിനും ഇടയിൽ വായു നിലംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒടുവിൽ അറിയിച്ചത്.

നേരത്തേ മണിക്കൂറിൽ 120 കിലോമീറ്റർ വേഗമെന്ന് പ്രവചിച്ചിരുന്നെങ്കിലും വായുവിന്റെ വേഗം 145-175 കിലോമീറ്ററിനിടയിലാകുമെന്ന് വിവരം ലഭിച്ചതിനാലാണ് കാറ്റിന്റെ വഴിയിലുള്ള വീട്ടുകാരെയെല്ലാം ഒഴിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പഴയ വീടുകളിലും കോൺക്രീറ്റ് ചെയ്യാത്ത മേൽക്കൂരയുള്ള ഭവനങ്ങളിലും കഴിയുന്നവരെ നിർബന്ധമായി മാറ്റി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെ കാറ്റ് സാരമായി ബാധിക്കുമെന്നതിനാൽ അറ്റകുറ്റപ്പണികൾക്കായി സംഘങ്ങളെ തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. വെരാവൽ കടൽത്തീരത്തുമാത്രം അരലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നുണ്ട്. എന്നാൽ ബോട്ടുകളും വള്ളങ്ങളും ഉപേക്ഷിച്ച് വരാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നു. ദ്വാരക, പോർബന്തർ, ജുനഗഢ്, ദിയു, ഗിർ-സോമനാഥ്, ജാംനഗർ, അമ്രേലി, മോർബി, കച്ച്, ഭാവ്നഗർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ കൂടുതലായി ഒഴിപ്പിക്കുന്നത്. പതിനായിരത്തോളം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. ആകെ 408 വില്ലേജുകളിലെ 60 ലക്ഷം ആളുകൾ ചുഴലിക്കാറ്റിന്റെ സ്വാധീനമേഖലയിൽ വരും. ഇവിടങ്ങളിൽ ബുധനാഴ്ച തന്നെ മഴ ആരംഭിച്ചിട്ടുണ്ട്. കൂടാതെ തെക്കൻ ഗുജറാത്തിലെ തീരമേഖലകളിലും ജാഗ്രതാ നിർദേശമുണ്ട്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നൽകി.

വീടുകളിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്കായി ഓഖയിൽനിന്ന് രാജ്കോട്ടിലേക്കും അഹമ്മദാബാദിലേക്കും രണ്ട് പ്രത്യേക തീവണ്ടികൾ ഓടിച്ചു. പശ്ചിമ റെയിൽവേ ഓഖ, വെരാവൽ, പോർബന്തർ, ഭുജ് മേഖലയിലേക്കുള്ള തീവണ്ടികൾ ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെവരെ റദ്ദാക്കി. ദൂരദേശങ്ങളിൽനിന്നുള്ള വണ്ടികൾ അഹമ്മദാബാദിൽ യാത്ര അവസാനിപ്പിക്കും. അഹമ്മദാബാദിൽനിന്ന് പോർബന്തർ, ദിയു, കാണ്ട്ല, മുന്ദ്ര, ഭാവ്നഗർ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ രണ്ടുദിവസത്തേക്ക് റദ്ദാക്കി. ദേശീയ ദുരന്തനിവാരണ സേനയുടെ 47 സംഘങ്ങൾ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ കരസേനയും നിലയുറപ്പിച്ചു. 300 മറൈൻ കമാൻഡോകളും ഒമ്പത് ഹെലികോപ്റ്ററുകളും പ്രധാനസ്ഥാനങ്ങളിൽ ഉണ്ട്. മാറ്റിപ്പാർപ്പിച്ചവർക്കായി ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികളും എത്തിച്ചു.

Comments (0)
Add Comment