കൊടും ചൂട്: കേരള എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു

ഝാൻസി: കൊടും ചൂടിനെ തുടർന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാൻസി സേറ്റഷനിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയിൽവെ ആശുപത്രിയിലെത്തിച്ച നാലാമനും വൈകാതെ മരിച്ചു. ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് കയറിയ 65 യാത്രക്കാരുടെ സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഇവർ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ഈ സംഘത്തിലുണ്ടായിരുന്നവർ ഭൂരിഭാഗവും 65 വയസ്സിന് മുകളിൽ പ്രായമായവരാണ്. ഇവരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. നാല് പേരും കടുത്ത ചൂടിൽ അസ്വസ്ഥത പ്രകടിപ്പിച്ച കാര്യം സഹയാത്രക്കാരാണ് റെയിൽവെ അധികാരികളെ അറിയിച്ചത്. ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച രണ്ട് ട്രെയിനുകളിലായി ഓരോരുത്തർ ചൂടിനെ തുടർന്ന് മരിച്ചുവീണ സംഭവമുണ്ടായി. ഝാൻസിയിൽ 48.1 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.

Comments (0)
Add Comment