ഇറാഖിൽ ക്രൈസ്തവർക്ക് സ്വീകാര്യത വർദ്ധിക്കുന്നു

ബാഗ്ദാദ്: ഇറാഖി ക്രൈസ്തവരിൽ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകൾ തിരികെ നൽകുന്നതിനുള്ള നടപടികൾക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽസദർ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉൾപ്പെടെ മുപ്പത്തിയെട്ടോളം സ്വത്തുവകകൾ അതിന്റെ ശരിയായ ഉടമകളായ ക്രൈസ്തവർക്ക് ഇതിനോടകം തന്നെ തിരികെ നൽകിക്കഴിഞ്ഞു. ഇറാഖി ക്രൈസ്തവരുടെ നിരവധി സ്വത്തുവകകൾ അന്യായമായി കയ്യടക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് മുഖ്താദ അൽ സദറിന്റെ പാർട്ടിയായ സദ്രിസ്റ്റ് പാർട്ടിയിലെ ഒരു സമുന്നത നേതാവായ അൽ സമീലി പ്രസ്താവിച്ചിരുന്നു.

2003-ലെ സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ പതനത്തിനു കാരണമായ സൈനീക നടപടിക്ക് ശേഷമാണ് ക്രൈസ്തവരുടെ സ്വത്തുവകകൾ അന്യായമായി പിടിച്ചടക്കിയത്. സമീപ വർഷങ്ങളിൽ ഇറാഖിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ അന്യായമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകളും തിരിച്ചെടുത്ത് നൽകുവാനും പദ്ധതിയിട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ ഇറാഖി ക്രൈസ്തവരുടെ സ്വത്തുവകകളുടെ മോഷണവും വ്യാപകമായി നടന്നിരുന്നു. ജീവൻ ഭയന്നു ക്രൈസ്തവർ കൂട്ടപലായനം നടത്തി. അവർ തിരികെവരില്ലെന്ന ധാരണയിലാണ് ഈ സ്വത്ത് തട്ടിപ്പ് നടത്തിയത്.

അനേക ക്രൈസ്തവർ സ്വന്തദേശത്തേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ മാർച്ച് മാസത്തിൽ ഇറാഖ് സന്ദർശിച്ചു. ഇറാഖിലെ പ്രസിഡന്റ്, പ്രധാനമന്ത്രി, അയത്തുള്ള എന്നിവരുമായി മാർപാപ്പാ ചർച്ച നടന്നു. ബാഗ്ദാദിൽ വിശ്വാസസമൂഹത്തിനുവേണ്ടി ആരാധനയും നടത്തി. ഭീകരാക്രമണ ഭീഷണിയും കൊറോണാ വ്യാപനമധ്യത്തിലും ഇറാഖിലെ വിവിധ ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിച്ചശേഷം റോമിലേക്കു മടങ്ങി.

Comments (0)
Add Comment