ഭക്ഷണം കളയല്ലേ, അത്താഴക്കൂട്ടം വിളിപ്പുറത്തുണ്ട്

കോഴിക്കോട് നഗരത്തിലൂടെ ഒരു ദിവസം യാത്ര ചെയ്താല്‍ ഒരാളെങ്കിലും നിങ്ങളുടെ മുന്നില്‍ ഭക്ഷണത്തിനായി കൈനീട്ടിയെത്തും. മധുരത്തിന്റെ നാടെന്നും ആതിഥ്യ മര്യാദയുടെ നാടെന്നുമെല്ലാം കോഴിക്കോടിന് ഏറെ വിശേഷണങ്ങളുണ്ടെങ്കിലും നഗരത്തിന്റെ വിശപ്പ് മാറ്റാന്‍ ഇന്നും നമുക്കായിട്ടില്ല. ഇത്തരക്കാര്‍ക്ക് അത്താണിയായി ഒരു സംഘടനയുണ്ട് കോഴിക്കോട്. അത്താഴക്കൂട്ടം. കല്യാണ വീടുകളില്‍ നിന്നും സല്‍ക്കാര പാര്‍ട്ടികളില്‍ നിന്നുമെല്ലാം ഭക്ഷണം സ്വീകരിച്ച് നഗരത്തിന്റെ വിശപ്പകറ്റാന്‍ ഒരു പരിധിവരെ പ്രവര്‍ത്തിക്കുന്നവര്‍.

വലിയ പാര്‍ട്ടി നടത്തി ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണമുണ്ടാക്കി അവസാനം വലിയ കുഴിയുണ്ടാക്കി കുഴിച്ചുമൂടക. കഴിഞ്ഞ കുറച്ചുകാലമായി മലയാളിയുടെ ശീലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഈ ആഡംബര ഭക്ഷണ രീതി. കല്ല്യാണമായാലും പിറന്നാള്‍ ആയാലും നവതിയായാലും മലയാളിയുടെ ഈ ആഡംബര ഭക്ഷണ ശീലവും ഭക്ഷണം നശിപ്പിച്ചുകൊണ്ടുളള ആഘോഷവും അനിയന്ത്രിതമായി തുടരുകയാണ്. ഇത്തരക്കാരോട് ഭക്ഷണം നശിപ്പിക്കല്ലേ എന്ന ഒരഅപേക്ഷയാണ് അത്താഴക്കൂട്ടത്തിന് പറയാനുള്ളത്.

ബാക്കിവരുന്ന ഭക്ഷണങ്ങള്‍ അധികം വൈകാതെ അറിയിച്ചാല്‍ അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ തിരിച്ചെടുക്കും. അങ്ങനെ ഭക്ഷണല്ലാതെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും,  മെഡിക്കല്‍ കോളേജിലുമെല്ലാം ബുദ്ധിമുട്ടില്‍ കഴിയുന്നവര്‍ക്ക് അത്താഴക്കൂട്ടം അത്താണിയാവും. കഴിഞ്ഞ കുറച്ചുകാലമായി കോഴിക്കോടെ ഒരു കൂട്ടം സന്നദ്ധ സേവകര്‍ തുടങ്ങിയ പദ്ധതി ഇന്ന് വലിയ മാതൃകയായി മുന്നേറുകയാണ്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും മറ്റും കിടക്കുന്ന നിരവധി പേരുണ്ട് ഇന്ന് നഗരത്തില്‍. എന്നാല്‍ ഇതേ നഗരപരിധിക്കുള്ളില്‍ തന്നെ ദിവസവും കുഴിച്ച് മൂടുന്ന അല്ലെങ്കില്‍ മാലിന്യ പ്ലാന്റില്‍ തള്ളുന്ന ഭക്ഷണത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈയൊരു സാഹചര്യത്തിലാണ് തങ്ങള്‍ ഇങ്ങനെയൊരു സേവന പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് അത്താഴക്കൂട്ടത്തിലെ റസഖ് കിനാശ്ശേരി ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 28 പേര്‍ ചേര്‍ന്നുള്ളതാണ് അത്താഴക്കൂട്ടം കൂട്ടായ്മ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവര്‍ ദിവസേന ഭക്ഷണവുമായി എത്തുന്നത്. പക്ഷെ പാര്‍ട്ടി കഴിഞ്ഞ് ഏറെ വൈകുന്നതിന് മുന്നെ ഭക്ഷണം ബാക്കിയാകുന്നതിന്റെ വിവരങ്ങള്‍ ഫോണിലൂടെ വിളിച്ചറിയിക്കണം. ഇവര്‍ സ്വന്തം വാഹനത്തില്‍ എത്തി ഭക്ഷണം സ്വീകരിച്ച് പോരും. എന്നാല്‍ രാത്രി ഏറെ വൈകരുതെന്ന് മാത്രം. അത്താഴക്കൂട്ടത്തിന്റെ സേവനം കേട്ടറിഞ്ഞ് പല പാര്‍ട്ടികളിലും ഇവര്‍ക്കായിമാത്രം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നവരുമുണ്ട്. 9048005567,9746497439 എന്നീ നമ്പറുകളിലാണ് അത്താഴക്കൂട്ടത്തെ ബന്ധപ്പെടേണ്ടത്.

 

Comments (0)
Add Comment