BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 26 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 26

അടുത്ത പരിഹാസി എഴുന്നേല്ക്കുന്നു

“എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമോന്യനായ ദാസൻ തോബിയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു: നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു” (നെഹെ.2:19)

കച്ചവട താത്പര്യം
മതിൽ പണിയുന്നു എന്ന വാർത്ത പരന്നതോടെ 3 പേർ പരിഹാസവുമായി എഴുന്നേറ്റു. സൻബല്ലത്തിനെക്കുറിച്ചും തോബിയാവിനെക്കുറിച്ചും നേരത്തെ കണ്ടു. അടുത്തയാൾ അരാബ്യനായ ഗേശമാണ്. മിസ്രയീമിന് വടക്കും യെഹൂദ്യയ്ക്ക് തെക്കുമുള്ള വലിയൊരു ഭൂപ്രദേശത്തിന്റെ ഉദ്യോഗസ്ഥനായിരുന്നു ഗേശം. എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം? ബാബിലോണിൽ നിന്നും ആരംഭിച്ച് സിറിയ വഴി ഈജിപ്ത് വരെ നീളുന്ന വാണിജ്യ പാതയിലെ നിർണ്ണായക സ്ഥാനമാണ് യെരുശലേമിനുളളത്. അവിടെ അടച്ചുറപ്പുണ്ടാകുന്നത് കച്ചവട താത്പര്യങ്ങളെ ബാധിക്കും. ഓരോരുത്തരുടെയും സ്ഥാപിത താത്പര്യങ്ങൾ വ്യത്യസ്തമാണെങ്കിലും അവസാനം എത്തിക്കുന്നത് വിശ്വാസത്തിലായിരിക്കും.

മൂന്ന് വശത്ത് നിന്നും എതിർപ്പ്
മൂന്ന് വ്യക്തികളുടെ എതിർപ്പ് മാത്രമല്ല ഇത്. മൂന്ന് വശത്ത് നിന്നുള്ള പ്രത്യാക്രമണമാണ്, വടക്ക് സൻബലത്ത്, കിഴക്ക് തോബിയാവ്, തെക്ക് ഗേശം. അവരുടെ ആയുധം പരിഹാസമാണ്.

പരിഹാസികൾ
വേദപുസ്തകത്തിലെ ആദ്യത്തെ പരിഹാസി യിശ്മായേലാണ്. ജഡത്തിൽ ജനിച്ചത് എന്നും അങ്ങനെയായിരിക്കും. പിന്നീട് ഗോലിയാത്ത് ദാവീദിനെ നിന്ദിക്കുന്നതായി കാണുന്നു. ഒടുവിൽ കാണുന്നത് സൻഹേരീബ് ഹിസ്കിയാവിനെയും യിസ്രായേലിന്റെ ദൈവത്തെയും നിന്ദിക്കുന്നതാണ്. ഇവരെല്ലാം തന്നെ സാത്താന്റെ ആയുധങ്ങളാണ്. ഒരു വിശ്വാസി എന്നും പരിഹാസികളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. വളരെ ജാഗ്രത വേണം. ആത്മാവിൽ ജനിച്ചവർക്ക് പരിഹാസികളാകാൻ കഴിയില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും കാണുന്നത് പരിഹാസ ശരങ്ങളുടെ പരസ്പര ആക്രമണങ്ങളാണ്. ഇതെല്ലാം ഒരു ദൈവപൈതൽ ഒഴിവാക്കേണ്ടതുണ്ട്.

Comments (0)
Add Comment