BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 22 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 22

എല്ലാം എല്ലാവരെയും അറിയിക്കാനാവില്ല

“ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല. അന്നുവരെ ഞാൻ യഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല” (നെഹമ്യാവു 2:16).

ആദ്യം ദൈവത്തിൽ നിന്ന്
നെഹമ്യാവ് തന്റെ ദൗത്യം യെഹൂദ്യയിലെ ആരെയും അറിയിച്ചിരുന്നില്ല. ഏത് ദൈവീക ദൗത്യവും ആദ്യം ഉത്ഭവിക്കുന്നത് ദൈവത്തിന്റെ തിരുഹൃദയത്തിലാണ്. ആ ദൗത്യം നിർവ്വഹിക്കേണ്ട വ്യക്തി പലപ്പോഴും ജനിച്ചിട്ട് പോലുമുണ്ടാവില്ല.

ദൈവം അറിയിക്കുന്നു
ആ വ്യക്തി ജനിച്ച് അതിന്നായ് പാകമാകുമ്പോൾ ദൈവം ആ വ്യക്തിയെ അറിയിക്കുന്നു. മോശെ, ഗിദയോൻ, ദാവീദ്, നെഹമ്യാവ്, പൗലോസ് തുടങ്ങിയവർ അതിന്റെ നല്ല ഉദാഹരണങ്ങളാണ്. ചിലർ ആദ്യമൊക്കെ വിസ്സമ്മതിക്കും, തടസ്സവാദങ്ങൾ ഉന്നയിക്കും. പക്ഷെ ക്രമേണ ആ ദൗത്യത്തിന്നായ് പാകപ്പെടും. അവർ അതിന്നായ് ഒരുക്കപ്പെടും

പക്ഷെ ആരും അറിയുന്നില്ല

നിയോഗിക്കപ്പെട്ടവർ അതിനായ് മാനസികമായും ആത്മീകമായും തയ്യാറെടുക്കുന്നതാണ് അടുത്ത പടി. അപ്പോഴും അതിനെക്കുറിച്ച് അധികമാരോടും
പങ്കുവയ്ക്കില്ല. ക്രെഡിറ്റ് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയല്ല. നല്ലൊരു പങ്ക് ആളുകളും ഇത്തരം കാര്യങ്ങളെ കേട്ടാൽ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുക. പൗലോസിന്റെ വാക്കുകൾ വളരെ വ്യക്തമാണ്. “ഞാൻ മാംസരക്തങ്ങളോട് ആലോചന ചോദിച്ചില്ല”. ചോദിച്ചാൽ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണ് കേൾക്കേണ്ടി വരിക. കാരണം നല്ലൊരു പങ്ക് ആളുകളുടെയും ഉള്ളിൽ നെഗറ്റീവ് എനർജിയാണ് നിറഞ്ഞ് നില്ക്കുന്നത്.

എന്നാൽ അടുത്തൊരു ചുവട് കൂടെയുണ്ട്. അത് മറ്റുളളവരോട് അറിയിക്കേണ്ട നിമിഷം. അടുത്ത വാക്യത്തിൽ നാം അത് കാണുന്നു. പ്രിയ സഹോദരങ്ങളെ, ആരെങ്കിലും ആത്മിക കാര്യങ്ങളിൽ ഒരു ചുവട് വയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ദയവായി നിരുത്സാഹപ്പെടുത്താതിരിക്കുക. പറ്റുമെങ്കിൽ പ്രാർത്ഥിക്കുക. അതിന് കഴിഞ്ഞില്ലെങ്കിലും അകത്തുള്ള തീ കെടുത്താതി
രിക്കുക.

Comments (0)
Add Comment