BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 14 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 14

എങ്ങനെ വാടാതിരിക്കും?

“അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ. എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്റെ മുഖം
വാടാതെ ഇരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു”, – (നെഹെമ്യാവു 2:3)

പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ
തന്റെ മുഖത്തിന്റെ വാട്ടം രാജാവിന്റെ ശ്രദ്ധയിൽ പെടുകയും എന്താണ് കാരണം എന്നു ചോദിക്കുകയും ചെയ്തതോടെ ഉള്ളിൽ ഒരു ആശങ്ക രൂപപ്പെട്ടു. താൻ മാസങ്ങളായി പ്രാർത്ഥിക്കുന്ന വിഷയത്തിന്റെ അവതരണ നിമിഷങ്ങളിലേക്ക് എത്തിയിരിക്കുന്നു. കാര്യങ്ങൾ ഇനി രാജാവിനോട് തുറന്ന് പറയേണ്ടിവരും. എന്തായിരിക്കും രാജാവിന്റെ പ്രതികരണം? മുഖം വാടിയിരിക്കുന്നത് തന്നെ പ്രശ്നമാണ്. മാത്രമല്ല, ഇതേ രാജാവ് തന്നെയാണ് നേരത്തെ മതിൽ പണി നിർത്തിവയ്പ്പിച്ചതും. ശരിക്കും തീക്കുണ്ഡത്തിന്റെ ഉള്ളിൽ നില്ക്കുന്ന അനുഭവം. നമുക്കും ഇത് പോലുളള സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടില്ലേ?

പ്രായോഗികത
ഇത്രയും സങ്കീർണ്ണമായ വൈകാരിക വിക്ഷോഭത്തിൽ ആയിരിക്കുമ്പോൾ തന്നെ വളരെ പ്രായോഗിക ജ്ഞാനം തന്റെ പ്രതികരണത്തിൽ നമുക്ക് കാണാം. യെരുശലേം എന്ന പദം നെഹമ്യാവ് ഉപയോഗിച്ചില്ല. രാജാവിന് പെട്ടെന്ന് പ്രകോപനമുണ്ടാകുന്ന ഒന്നും തന്നെ വാക്കുകളിൽ ഇല്ലാതിരിക്കാൻ നെഹമ്യാവ് ഏറെ ശ്രദ്ധിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉളള പട്ടണം എന്നാണ് താൻ പറയുന്നത്. വൈകാരിക തിരത്തള്ളൽ അകത്ത് നിറയുമ്പോഴും അവധാനതയോടെ,
സമചിത്തതയോടെ, പരിജ്ഞാനത്തോടെ പ്രതികരിക്കുവാൻ വേണ്ടത് ദൈവീക പരിജ്ഞാനമാണ്.

എങ്ങനെ വാടാതിരിക്കും?
ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. തന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള നഗരം തകർന്നും അതിന്റെ വാതിലുകൾ ചുട്ടും ഇരിക്കെ എങ്ങനെ മുഖം വാടാതിരിക്കും എന്നാണ് നെഹമ്യാവ് ചോദിക്കുന്നത്. ഇന്നത്തെ നമ്മുടെ സമൂഹത്തിലേക്കും ആത്മീക അവസ്ഥകളിലെക്കും ഒന്ന് കണ്ണോടിക്കുക. ദൈവനാമം ദുഷിക്കപ്പെടുന്ന, ആത്മീക ജീർണ്ണത എവിടെയും പ്രകടമാകുന്ന സാഹചര്യങ്ങൾ കാണുമ്പോൾ എങ്ങനെ നമുക്ക് സമാധാനമായി ഉറങ്ങാൻ കഴിയും? ആത്മീകതയുടെ വേഷംമാത്രം ധരിച്ച് ഉള്ളിൽ ലോക സ്നേഹം നിറഞ്ഞുനില്ക്കുന്നത് കാണുമ്പോൾ എങ്ങനെ ഉറക്കം വരും? സമൂഹത്തിൽ ദൈവഭയം ഇല്ലാതാകുമ്പോൾ എങ്ങനെ നമുക്ക്
സ്വസ്ഥമായിട്ടിരിക്കാനാകും?

Comments (0)
Add Comment